മഞ്ഞ് പെയ്യുന്ന ബൈസൺ വാലി പൊന്മുടി യിലേക്കൊരു യാത്ര

നാം കേരളീയർക്ക് ദൈവം അനുഗ്രഹിച്ചു തന്ന ഒരു നിധിയുണ്ട് അതാണ് സഹ്യപർവ്വതനിര. ലോകത്തിന്റെ തന്നെ മേൽകൂരയായ് നാം കാണുന്ന ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിരയായ ഹിമാലയ സാനുക്കൾ പോലും സഹ്യപർവ്വതനിരയോളം പഴക്കമില്ലാത്തവയാണെന്ന് ഒരൽഭുതത്തോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. തമിഴ് നാട്ടിൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു ഈ പർവ്വത നിരകൾ ഇന്ത്യയിലെ കേരളം,കർണാടക,ഗോവ, മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന ഈ മലനിരയിലെ തിരുവനതപുരം ജില്ലയിലെ പൊന്മുടി മലനിരകളിലുള്ള ബൈസണ് വാലിയിലേക്ക് നടത്തിയ ഒരു ചെറിയ ട്രെക്കിങ്ങിന്റെ വിശേഷങ്ങളാണ് ഞാനിന്നു നിങ്ങളിലേക്ക് പകരുന്നത്.
എന്റെ കുട്ടിക്കാലം മുതൽക്കു തന്നെ ഞാൻ സ്ഥിരമായ് പോകാറുണ്ടായിരുന്ന പൊന്മുടി മലനിരകൾ എന്നും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചിരുന്നത്. കാറ്റിലും മഴയിലും മഞ്ഞിലും വെയിലിലും ഒക്കെ ഇവിടം സന്ദർശിച്ച എനിക്ക് എന്നും സുന്ദരമായ അനുഭവങ്ങളാണ് പ്രകൃതി തിരികെ നൽകിയിട്ടുള്ളത്. എങ്കിലും സ്ഥിരമായ് സന്ദർശിക്കുന്ന മലകൾക്കും അപ്പുറം മറ്റു ചില മലകൾ എന്നും എന്നെ അതിശയിപ്പിച്ചും ആകർഷിചും നിലകൊണ്ടിരുന്നു അവയുടെ മുകളിലേക്ക് നടന്നു കയറുവാൻ പലതവണ ഞാൻ ശ്രമിച്ചതുമാണ്. ഒടുവിലായ് മാസങ്ങൾക്ക് മുൻപ് സുഹൃത്ത് ശ്യാമുമായ് അത്തരമൊരു ഉദ്യമം നടത്തിയതും ചോലക്കാടുകൾക്കുള്ളിൽ വഴിതെറ്റി അട്ടയുടെ രൂക്ഷമായ ആക്രമണം സഹിക്കാനാവാതെ പിന്മാറിയതും ഇന്നലെയെന്നതുപോലെ മനസ്സിലുണ്ട്. അങ്ങനെയിരിക്കുമ്പോലാണ് ട്രീ ക്ലബ് എന്ന സംഘടനയേയും അതിന്റെ സ്ഥാപകരിലൊരാളായ രാഹുലിനെയും പരിച്ചയപെടുന്നത്. അവരുടെ ബൈസണ് വാലി ട്രെക്കിങ്ങിനു ക്ഷണം ലഭിച്ചപ്പോൾ രണ്ടാമതൊന്നും ആലോചിക്കാതെ ഞാനതിനു തയ്യാറാവുകയായിരുന്നു. കൂടെ എന്റെ യാത്രകളിൽ സന്തത സഹചാരിയായ അജിത്തും കൈകൾ കോർത്തു.
അങ്ങനെ ഒരവധി ദിവസം രാവിലെ തിരുവനന്തപുരത്ത് നിന്നും തിരിച്ച ഞങ്ങൾ 7.30 യോടുകൂടി വിതുരയിൽ മലബാർ ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെയാണ് രാഹുലും മറ്റുള്ളവരും എത്താമെന്ന് പറഞ്ഞിരുന്നത്. നേരത്തെയെത്തിയ ഞങ്ങൾ ഭക്ഷണം കഴിച്ചു ഉച്ചഭക്ഷണവും പായ്ക്ക് ചെയ്തു. വൈകാതെ തന്നെ മറ്റുള്ളവരും എത്തി. 8.00 മണിയോട് കൂടി ഞങ്ങൾ പൊന്മുടിയിലേക്ക് യാത്ര തിരിച്ചു. 22 ഹെയർ പിൻവളവുകൾ താണ്ടിയാണ് അപ്പർ സാനിട്ടറിയത്തിലേക്ക് എത്തേണ്ടത്. പലതവണ സഞ്ചരിച്ച വഴി ഞങ്ങൾക്ക് സുപരിചിതമായിരുന്നു. കുറെ ദിനങ്ങളായ് മഴയുണ്ടായിരുന്നതിനാൽ വഴിനീളെ വൃക്ഷത്തലപ്പുകൾ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. ഈറനണിഞ്ഞ ഹരിതാഭ പുലർകാല വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.45 മിനിട്ടിനുള്ളിൽ ഞങ്ങൾ അപ്പർ സാനിട്ടറിയത്തിലേക്കുള്ള ചെക്ക് പോസ്റ്റിലെത്തി. മുൻകൂർ അറിയിച്ചതിനാൽ പ്രത്യേകം പാസ് എടുക്കേണ്ടാതായ് വന്നില്ല. വൈകാതെ തന്നെ മറ്റുള്ളവരും എത്തിച്ചേർന്നു. ചെക്ക് പോസ്റ്റിലെ നടപടിക്രമങ്ങൾ കഴിഞ്ഞു ഞങ്ങൾ ഗൈടുമായ് കഫെട്ടെറിയായിലെത്തീ. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നെത്തിയ 7 പേർ. പല തലങ്ങളിൽ ജോലി ചെയ്യുന്ന പല സ്ഥലങ്ങളിൽ താമസിക്കുന്ന പല തരക്കാരായ 7 പേർ അവർ തമ്മിൽ സമാനതയുള്ളത് ഒരു കാര്യത്തിൽ മാത്രം. എല്ലാരും ഒരേമനസ്സോടെ ഈ മലമുകളിൽ ഒത്തുചേർന്നത് ഈ പ്രകൃതിയിൽ അലിയുവാൻ… അതിന്റെ സ്പന്ദനങ്ങൾ അടുത്തറിയുവാൻ…. വേർതിരിവുകലില്ലാതെ വേവലാതികളില്ലാതെ...
9 മണിയോട് കൂടി തന്നെ എല്ലാവരും തയാറായിരുന്നു. ചെറിയ ചാറ്റൽമഴ ഞങ്ങൾക്ക് സുസ്വാഗതം പറഞ്ഞുകൊണ്ട് പെയ്തിറങ്ങി. മൂടൽമഞ്ഞു നിറഞ്ഞ കാടിന്റെ വന്യതയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.തുടക്കത്തിൽ ഒരു ചെറിയ ചോലക്കാട് കടന്നു വേണം പോകുവാൻ അട്ടയുടെ ശല്യമുണ്ടെന്നു ഞങ്ങളുടെ ഗൈഡ് മുൻകൂർ മുന്നറിയിപ്പു നല്കിയിരുന്നു ഞങ്ങളുടെ എല്ലാ പ്രതിരോധത്തെയും മറികടന്നു അവ കാലുകളിലേക്ക് നിർബാധം ഊർന്നുകയറി. ചിലർ അവയെ നീക്കം ചെയ്യുവാൻ നിന്നു. ഒരെണ്ണത്തെ നീക്കം ചെയ്യുമ്പോൾ അനേകമെണ്ണം വീണ്ടും കയറുന്നത് നോക്കിനിൽകാനെ അവർക്കായുള്ളൂ. 15 മിനിട്ടിനുള്ളിൽ തന്നെ ചോലക്കാട് പിന്നിട്ടു ഞങ്ങൾ തുറസ്സായ പുൽമേട്ടിലെത്തി. അവിടെ നിന്നും കുറച്ചു മുകളിലേക്ക് നടന്നപ്പോൾ തന്നെ ഞങ്ങൾ സീതാ തീർത്ഥത്തിനരികിലെതീ. ഒരിക്കൽ സീതാദേവി ഈ അരുവിയിൽ നിന്നും ദാഹമകറ്റി എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.വർഷത്തിലൊരു ദിവസം ഇന്നാട്ടുകാർ ഇവിടെ പൂജയും പ്രാർഥനയുമായ് എത്തുന്നു.
കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും മുകളിലേക്ക് കയറാൻ ആരംഭിച്ചു. ഇക്കുറി ഞാനും രാഹുലും മറ്റുള്ളവർക്ക് മുന്നേ നടക്കുവാൻ തീരുമാനിച്ചു. ധാരാളം കാട്ടുപോത്തുകളും ആനകളും ഉള്ളതിനാൽ വലിയ ഗ്രൂപ്പുകളായ് നടന്നാൽ ചിലപ്പോൾ അവയെ കാണാനാവില്ല എന്ന് രാഹുലും ഓർമിപ്പിച്ചു. ഞങ്ങൾ നടന്നിരുന്ന കുന്നിന്റെ മുകളിലെത്തി. ദൂരെ ഒരു കുന്നിന്റെ മുകളിലേക്ക് വിരൽചൂണ്ടി അവിടെക്കാണ് നമുക്കെത്തേണ്ടത് എന്ന് രാഹുൽ പറഞ്ഞപ്പോൾ എല്ലാർക്കും ആവേശം കൂടി. അത്ര മനോഹരമായിരുന്നു ആ കാഴ്ച. കോടമഞ്ഞിനാൽ മൂടിയ ആ മലയുടെ മുകൾഭാഗത്ത് മേഘങ്ങള തങ്ങിനിന്നിരുന്നു. എത്രയും വേഗം അവിടെക്കെത്താനായ് ഓരോ മനസ്സും കൊതിച്ചു. അവിടെക്കെത്തുവാൻ ഇനിയും രണ്ടു ചെറിയ മലനിരകൾ കടക്കേണ്ടതുണ്ടെങ്കിലും വലിയ കയറ്റിറക്കങ്ങളില്ലാത്ത സുഗമമായ നടത്താമായിരുന്നു. ചിലയിടങ്ങളിൽ പാറകൂട്ടങ്ങളിലൂടെയും ചിലയിടങ്ങളിൽ തലയ്ക്കു മുകളിൽ ഉയരമുള്ള പുൽമേടുകളിലൂടെയും നടക്കേണ്ടാതായ് വന്നു. വലിയ പുല്ലുകൾക്കിടയിലൂടെയുള്ള നടത്തം ശ്രമകരമായിരുന്നു. പുൽനാമ്പുകൾ ശരീരത്തിൽ സുഖമുള്ള നീറ്റലുകൽ സമ്മാനിച്ചു. രണ്ടാമത്തെ മലയുടെ മുകളിലെത്തിയപ്പോൾ ഒരുകൂട്ടം കാട്ടുപോത്തുകൾ ഞങ്ങക്ക് മുന്നിലൂടെ ഓടിമറഞ്ഞു. കീഴ്ക്കാംതൂക്
കായ പാർസ്വങ്ങലിലൂടെ നിസ്സാരമായ് ഓടിയൊളിച്ച അവയെ രണ്ടാമതൊന്നുകൂടി കാണാൻപോലുമായില്ല. തീവ്രമായ ഘ്രാണശേഷിയുള്ള അവ ഞങ്ങളുടെ വരവ് മുൻകൂട്ടി തന്നെ മനസ്സിലാക്കിയിരുന്നിരിക്കണം. സ്വന്തം വീട്ടിൽ അതിക്രമിച്ചു കടന്ന ഞങ്ങൾക്ക് നിരുപാധികം മാപ്പുതന്നു ഓടിമറഞ്ഞ അവറ്റകലോട് സ്നേഹവും അനുകമ്പയും മനസ്സിൽ തോന്നി.കാണാനെങ്കിലും ആയതിന്റെ സന്തോഷവും.
ഉച്ചയോടു കൂടി ഞങ്ങൾ ഏറ്റവും ഉയരത്തിലുള്ള മലയുടെ മുകളിലെത്തി. പ്രകൃതിയുടെ അനുഗ്രഹം...കോടമഞ്ഞ് തെളിഞ്ഞു... താഴ്വരയുടെ മനോഹരമായ ദ്രിശ്യവിരുന്നു വിവരിക്കാൻ അവാത്തതായിരുന്നു. വലതു വശത്ത് ശംഘിലി കാടുകളുടെ വന്യതയും ഇടതു വശത്ത് വരയാടുമൊട്ടയുടെ അഭൗമ സൗന്ദര്യവും മുന്നിൽ സുന്ദരമായ താഴ്വാരവും എത്ര നേരം ആ കാഴ്ച സ്വയം മറന്നു നോക്കിനിന്നു എന്നോർമയില്ല. കുന്നിന്റെ ഒരു വശത്തായ് ബാലകണി പോലെ ഒരു പ്രദേശമുണ്ട് അവിടെ നിന്നാൽ ചുറ്റുപാടും 180 ഡിഗ്രിയിൽ കാണാനാവും ഞങ്ങൾക്കായ് വഴിമാറി തന്നതുപോലെ മൂടൽമഞ്ഞു ഒഴിഞ്ഞുനിന്നു.ദൂരെ തെന്മല ഡാമിന്റെയും പേപ്പാറ ഡാമിന്റെയും വൃഷ്ടിപ്രദേശങ്ങൾ കാണാമായിരുന്നു. 1 മണിയോട് കൂടി ഞങ്ങൾ കൈയിൽ കരുതിയിരുന്ന ഭക്ഷണം കഴിച്ചു. കുറച്ചുനേരം അവിടെയൊക്കെ ചുറ്റിനടന്ന ശേഷം തിരികെ വരുവാൻ തീരുമാനിച്ചു.
മറ്റുള്ളവർ വന്നവഴിയെ മടങ്ങിയെങ്കിലും ഞാനും രാഹുലും കൂടി മുന്നേ കാട്ടുപോത്തുകൾ ഓടിപോയ കീഴ്ക്കാംതൂക്കായ ചെരുവില്ലൂടെ കുറച്ചു ദൂരം നടന്നു നോക്കാമെന്ന് കരുതി.രണ്ടാമത്തെ മലയുടെ മുകളിൽ എല്ലാരേയും കാണാമെന്നു പറഞ്ഞു ഞങ്ങൾ ദിശമാറി സഞ്ചരിച്ചു. 15 മിനിട്ടോളം ആ ചെരുവിലൂടെ സഞ്ചരിച്ചു ഞങ്ങൾ ഒടുവില ഒരു പുൽമേട്ടിൽ കാട്ടുപോത്തുകളുടെ ഒരു വലിയ കൂട്ടത്തെ കണ്ടു. 12 എണ്ണത്തോളമുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഞങ്ങളുടെ സാന്നിധ്യം പെട്ടന്ന് തന്നെ മനസിലാക്കി അവ ചോലക്കാട്ടിലേക്ക് ഓടിമറഞ്ഞു. നല്ല ഫോട്ടോസ് കിട്ടാത്തതിന്റെ നിരാശയുണ്ടായെങ്കിലും അവയെ ആ ആവാസവ്യവസ്ഥയിൽ കാണാനായതിൽ സന്തോഷം തോന്നി. അധികം വൈകാതെ തന്നെ ഞങ്ങൾ മറ്റുള്ളവരുമായ് കണ്ടുമുട്ടി ഒന്നിച്ചു യാത്രയാരംഭിച്ചു.ആകാശം വീണ്ടും മേഘാവൃതമായ്. ചാറ്റൽ മഴയ്ക്ക് ശക്തികൂടി. പക്ഷെ ക്ഷീണം ലവലേശം ഉണ്ടായിരുന്നില്ല. തിരികെ സീതാതീർത്ഥത്തിൽ എത്തിയ ഞങ്ങൾ അൽപസമയം അവിടെ വിശ്രമിച്ചശേഷം വീണ്ടും പുറപ്പെട്ടു. മറ്റൊരു വഴിയിലൂടെ ചോലക്കാട്ടിലേക്ക് കടന്ന ഞങ്ങൾ 15 മിനിട്ടിനുള്ളിൽ തിരികെ കഫെട്ടേറിയായിൽ എത്തി.
മഴ പെയ്യുമെന്ന് തോന്നിയതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ തിരികെ മലയിറങ്ങാൻ തുടങ്ങി. കനത്ത മൂടൽമഞ്ഞിലും തെളിഞ്ഞ മനസ്സോടെ ഹെയർ പിന് ബെന്റുകൾ ഓരോന്നായിറങ്ങുമ്പോൾ ഒരു പുതിയ സ്ഥലവും അതിന്റെ മനോഹര്യതയും മനകണ്ണിലും ക്യാമറയിലും പകർതിയതിന്റെ സംതൃപ്തി ഉള്ളിൽ നിറഞ്ഞിരുന്നു. ഇനിയും ഇവിടേക്ക് വരുവാൻ പള്ളികൂടംമൊട്ടയും, മരുത്വാമലയും വരയാടുമൊട്ടയും പോലെ ഒരുപിടി നല്ല സ്ഥലങ്ങളും ഓർമ്മിച്ചുവെച്ചുകൊണ്ട് തൽകാലം നിർത്തട്ടെ .

No comments

Powered by Blogger.